പാൽമ (സ്പെയിൻ): ബുധനാഴ്ച സ്പെയിനിലെ പ്രശസ്ത വിനോദസഞ്ചാര ദ്വീപായ മയോർക്കയിൽ പൂർണ സൂര്യഗ്രഹണം ദൃശ്യമാകാനിരിക്കെ വൻ തിരക്കും ഗതാഗതക്കുരുക്കും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്.
ഗ്രഹണം കാണുന്നതിനായി പതിനായിരക്കണക്കിന് ആളുകൾ ദ്വീപിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ പാൽമയിലെ സോൺ സാന്ത് ജോവാൻ വിമാനത്താവളത്തിൽ വലിയ തിരക്കും നീണ്ട ക്യൂവും അനുഭവപ്പെടാൻ സാധ്യതയുണ്ട്.
യാത്രക്കാരോട് വിമാനത്താവളത്തിൽ സാധാരണയേക്കാൾ നേരത്തെ എത്താൻ ടൂർ ഓപ്പറേറ്റർമാർ നിർദേശിച്ചിട്ടുണ്ട്. റോഡുകളിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് വിമാനസമയം നഷ്ടപ്പെടാതിരിക്കാൻ യാത്രക്കാർ രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ നേരത്തെ വിമാനത്താവളത്തിലെത്തണമെന്നാണ് നിർദേശം.
സ്വന്തം വാഹനങ്ങളിലും ടൂർ ഏജൻസികളുടെ ബസുകളിലുമായി യാത്രക്കാർ നേരത്തെ തന്നെ വിമാനത്താവളത്തിലെത്തുന്നതിനാൽ ടെർമിനലിൽ അഞ്ച് മണിക്കൂർ വരെ കാത്തിരിക്കേണ്ട സാഹചര്യമുണ്ടാകാമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള ചാർട്ടർ ബസ് സർവീസുകളുടെ എണ്ണം വർധിപ്പിക്കും. അതേസമയം, തിരക്ക് മുൻകൂട്ടി കണ്ട് ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും വിമാന സർവീസുകളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകില്ലെന്നും സ്പെയിനിലെ വിമാനത്താവള അതോറിറ്റിയായ AENA അറിയിച്ചു.
സൂര്യഗ്രഹണം കാണാനെത്തുന്നവരുടെ വലിയ തിരക്ക് കണക്കിലെടുത്ത് ദ്വീപിലെ ചില പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണങ്ങളും റോഡ് അടച്ചിടലുകളും ഏർപ്പെടുത്തുന്നുണ്ട്. ഇത് യാത്രക്കാരെയും ടൂറിസം മേഖലയെയും ബാധിക്കുമെങ്കിലും തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ശക്തമായ ഗതാഗത-സുരക്ഷാ ക്രമീകരണങ്ങളാണ് അധികൃതർ ഒരുക്കുന്നത്.
ജോസ് കുമ്പിളുവേലിൽ